ദുബായ്: പാക് താരം ഷാഹിദ് അഫ്രിദിയുടെ കള്ളം പൊളിഞ്ഞെന്ന് വിമർശകർ. സ്വന്തം പ്രായം കുറച്ചുകാണിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിനെ പറ്റിച്ചെന്നാണ് നിലവിലെ കണ്ടെത്തൽ. ഇന്നലെ തന്റെ 44-ാം പിറന്നാളായിരുന്നുവെന്ന് കാണിക്കുന്ന ട്വിറ്ററാണ് കള്ളം പൊളിച്ചടുക്കിയത്. ഗത്യന്തരമില്ലാതെ തന്റെ പ്രായം മൂന്ന് വയസ്സ് കുറച്ചുകാണിച്ചെന്ന് അഫ്രിദി തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകാണ്.

അരങ്ങേറ്റം 16-ാം വയസ്സിലെന്ന നിലയിൽ നേട്ടങ്ങളാഘോഷിച്ച പാക് താരം മൂന്നിടത്ത് മൂന്ന് പ്രായം കാണിച്ചുവെന്നാണ് ആക്ഷേപം. തന്റെ ആത്മകഥയിൽ പ്രായം 46 ആയെന്ന് പറയുന്ന മുൻ പാകിസ്താൻ ക്രിക്കറ്റ് നായകൻ ഇന്നലെ തന്റെ 44-ാംപിറന്നാളാണെന്ന ട്വീറ്റാണ് വിമർശകർ ശ്രദ്ധിച്ചത്. ഇതോടെ അഫ്രിദിയുടെ ക്രിക്കറ്റ് ലോകത്തെ നേട്ടങ്ങൾ തിരഞ്ഞവർ ഐ.സി.സിയുടെ രേഖയിലെ പ്രായം കണ്ട് ഞെട്ടി. അതിലിപ്പോഴും 41 വയസ്സേ ആയിട്ടുളളു.

തന്റെ അരങ്ങേറ്റം അന്താരാഷ്ട്ര ക്രിക്കറ്റിൽ നടന്നത് 16 വയസ്സിലല്ല 19-ാം വയസ്സിലാണെന്ന് ഇപ്പോൾ അഫ്രിദി സ്വയം വെളിപ്പെടുത്തിയിരിക്കുകയാണ്. പാകിസ്താൻ എല്ലാംകൊണ്ടും കള്ളത്തരങ്ങളുടെ നാടാണെന്നാണ് വിമർശനം. അഫ്രിദിയുടെ പ്രായം സംബന്ധിച്ച വിവാദത്തെ മുൻനിർത്തി വിമർശകർ പാകിസ്താനെതിരേയും ശക്തമായി പ്രതികരിക്കുകയാണ്.