തിരുവനന്തപുരം: ബൈക്കുകളില്‍ അമിത വേഗതയിലെ കുതിപ്പുകള്‍ നിരത്തുകളിലെ അപകടനിരക്ക് ഉയര്‍ത്തുന്നു. കാല്‍നട യാത്രക്കാര്‍ക്കും മറ്റ് വാഹന യാത്രക്കാര്‍ക്കും ഭീഷണിയാകുന്ന തരത്തിലാണ് ഈ ന്യൂജന്‍ ബൈക്കുകളുടെ വിളയാട്ടം.

കഴിഞ്ഞ ദിവസം കല്ലാട്ട്മുക്ക് ഭാഗത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണം അമിതവേഗതയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ തന്നെ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഈ റോഡില്‍ ഇതിന് മുന്‍പും അമിതവേഗതയില്‍ എത്തിയ
ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു.

അപകടങ്ങള്‍ തുടര്‍ന്നിട്ടും ആവശ്യത്തിന് സുരക്ഷാ പരിശോധന ഇല്ലാത്തതും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്നു. ബൈപാസ് റോഡില്‍ ഉള്‍പ്പെടെ ക്യാമറ ഇല്ലാത്ത സാഹചര്യമാണ്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റോഡില്‍ മത്സരകുതിപ്പ് നടത്തിയ ബൈക്ക് സംഘത്തെ വിഴിഞ്ഞം പൊലീസ് പിടികൂടിയിരുന്നു.

ചാക്ക മുതല്‍ കോവളം വരെയുള്ള ബൈപാസിലാണ് ഇത്തരം സംഘങ്ങളുടെ മരണപാച്ചില്‍. വാഹനങ്ങളില്‍ ഉള്‍പ്പെടെ മോടി കൂട്ടിയാണ് ഇവരുടെ അഭ്യാസ പ്രകടനങ്ങള്‍. സെലന്‍സര്‍, മഡ്ഗാര്‍ഡ്, സാരിഗാര്‍ഡ്, വൈസര്‍, ഹാന്‍ഡില്‍ എന്നിവയില്‍ മാറ്റം വരുത്തിയാണ് ബൈക്കുകളുടെ മോടി കൂട്ടുന്നത്.

ഓട്ടോ മോട്ടീവ് റിസര്‍ച്ച്‌ ഇന്ത്യയുടെ അംഗീകാരത്തോടെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന വാഹനങ്ങളുടെ പാര്‍ട്ട്‌സില്‍ പോലും മാറ്റം വരുത്തരുതെന്നാണ് നിയമം. ഇത്തരത്തിലുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കാന്‍ നിയമം ഉണ്ടെങ്കിലും പൊലീസ് പലപ്പോഴും നോക്കുകുത്തിയാവുകയാണ്.

സാധാരണ റോഡുകളില്‍ ഇരുചക്രവാഹനക്കാര്‍ പരമാവധി വേഗത 50 കിലോമീറ്റര്‍ ആയിരിക്കെ ഇവര്‍ കുതിക്കുന്നത് നൂറ് കിലോമീറ്ററിലധികം വേഗതയിലാണ്. ഇത്തരം സംഘങ്ങള്‍ക്ക് ലൈസന്‍സുകള്‍ പോലുമില്ല.

പൂന്തുറ എസ്.എം ലോക്ക് റോഡ്, ശംഖുംമുഖം, ചാക്കറോഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, അമ്ബലത്തറ, കോവളം-കൊല്ലം ബൈപാസ് തുടങ്ങിയവയാണ് ബൈക്ക് റേസിംഗ് സംഘങ്ങളുടെ പ്രധാന കേന്ദ്രങ്ങള്‍.

മാത്രമല്ല ബൈക്കുകളുടെ മത്സരയോട്ടം സംഘടിപ്പിക്കുന്ന ക്ലബ്ബുകളും വാട്ട്‌സ്‌ആപ്പ് കൂട്ടായ്മകളും നഗരത്തില്‍ കൂടുതല്‍ സജീവമാണ്.രാത്രി കാലത്താണ് ഇവരുടെ സഞ്ചാരങ്ങള്‍ അധികവും. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.