മോഷണക്കേസില്‍ മുന്‍ ഓസീസ് ക്രിക്കറ്റ് താരം ലുക്ക് പോമര്‍ബാച് അറസ്റ്റില്‍. ഗോള്‍ഫ് ക്ലബ്, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ മോഷ്ടിച്ചതിനാണ് താരം അറസ്റ്റിലായത്. മയക്കുമരുന്ന് മോഷണത്തിലും താരത്തിന് പങ്കുണ്ടായിരുന്നു.
പെര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഫെബ്രുവരി 17 മുതല്‍ കേസ് നടക്കുകയാണ്. നാല് മോഷണം, മൂന്ന് ഭവനഭേദനം, ഒരു സ്ഥലക്കയ്യേറ്റം എന്നീ കേസുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 35കാരനായ താരത്തിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, കോടതിയില്‍ കെട്ടിവെക്കേണ്ട തുക ഇല്ലാത്തതിനാല്‍ താരത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. ഈ വര്‍ഷം ജനുവരി 24 മുതല്‍ ഫെബ്രുവരി 16 വരെയുള്ള കാലയളവിലാണ് മോഷണങ്ങള്‍ നടന്നത്.
പ്രതിശ്രുത വധുവിനെയും മറ്റൊരു വിദേശ വനിതയെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് താരത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2013ല്‍ ബ്രിസ്ബേന്‍ ഹീറ്റിനൊപ്പം ബിഗ് ബാഷ് ലീഗ് ജേതാവായ പോമര്‍ബാച് മാനസികാരോഗ്യം മോശമായെന്ന് ചൂണ്ടിക്കാട്ടി തൊട്ടടുത്ത വര്‍ഷം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.