കൊല്ലം:  ചടയമംഗലത്ത് സീറ്റ് മുസ്ലിം ലീഗിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ പ്രശ്‌നം. സീറ്റ് കോണ്‍ഗ്രസ് തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസ് കടയ്ക്കലില്‍ പരസ്യ പ്രതിഷേധം നടത്തി.

ചടയമംഗലം സീറ്റ് ലീഗിന് വിട്ടുകൊടുക്കരുതെന്നും കൈപ്പത്തി ചിഹ്നത്തില്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കണമെന്നുമാണ് യൂത് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം നേരത്തെ കോണ്‍ഗ്രസ് യോഗത്തില്‍ അറിയിച്ചിരുന്നു. യൂത് കോണ്‍ഗ്രസ് പ്രമേയവും പാസാക്കി. ഇനിയും തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധം നടത്തുന്നതെന്നും യൂത് കോണ്‍ഗ്രസ് പ്രതിനിധികള്‍ പറഞ്ഞു.

പുനലൂര്‍ കോണ്‍ഗ്രസ് എടുത്ത് അതിന് പകരം ചടയമംഗലം ലീഗിന് നല്‍കാനുള്ള ധാരണ നേതൃതലത്തില്‍ രൂപപ്പെട്ടതുമൂലമാണ് മണ്ഡലത്തിലെ പ്രവര്‍ത്തക പ്രതിഷേധമുണ്ടായത്. തീരുമാനം ആത്മഹത്യാപരമെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത് കോണ്‍ഗ്രസ് ബ്ലോക് കമിറ്റി പ്രമേയം പാസാക്കിയത്. ലീഗിന് മണ്ഡലത്തില്‍ സംഘടനാ അടിത്തറ ഇല്ലെന്നാണ് കോണ്‍ഗ്രസുകാരുടെ ആക്ഷേപം.