ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത് രാജിവച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ആറ്റിങ്ങല്‍ മുന്‍ എം പി എ. സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചത്. ദല്‍ഹി കേരള ഹൗസിലായിരുന്നു പ്രത്യേക പ്രതിനിധിയായി സമ്പത്ത് ചുമതല വഹിച്ചിരുനത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിക്കാന്‍ വേണ്ടിയാണ് രാജി.

അതേസമയം, തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്നാണ് രാജി വച്ചതെന്ന് എ. സമ്പത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ഡല്‍ഹിയില്‍ നിന്നും മാറി നില്‍ക്കേണ്ടിവരും. കോവിഡ് വ്യാപനത്തിനിടെയുള്ള യാത്രകളും പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച്‌ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും എ സമ്ബത്ത് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്സണ്‍ ഓഫീസറായി സമ്ബത്തിനെ നിയമിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള സമ്ബത്തിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കോവിഡ് സമയത്ത് മലയാളികളെ സഹായിക്കാതെ കേരളത്തില്‍ എത്തിയതില്‍ സമ്ബത്തിനെതിരേ വിമര്‍ശനം രൂക്ഷമായിരുന്നു.