ന്യൂഡല്‍ഹി∙ നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിക്കെതിരെ പരസ്യമായി ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാക്കളും ഔദ്യോഗിക പക്ഷവും തമ്മില്‍ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നുവെന്ന് ജമ്മുവില്‍ കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ പറഞ്ഞതിനു പിന്നാലെ, മുതിര്‍ന്ന നേതാക്കളിലൊരാളായ ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തുവന്നു.

പ്രധാനമന്ത്രിയായിട്ടും വന്ന വഴി മറക്കാത്ത മോദിയെ കണ്ട് ജനങ്ങള്‍ പഠിക്കണമെന്നു ജമ്മുവില്‍ ഗുജ്ജര്‍ സമുദായത്തിന്റെ സമ്മേളനത്തില്‍ ആസാദ് പറഞ്ഞു. ‘സ്വന്തം വേരുകള്‍ മറക്കാത്തയാളാണു മോദി. ചായവില്‍പനക്കാരനെന്ന് അദ്ദേഹം അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നു.

മോദിയുമായി തനിക്കു രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം വളരെ വിനയമുള്ള വ്യക്തിയാണ്’ – ആസാദ് പറഞ്ഞു. വിവിധ വിഷയങ്ങളില്‍ മോദിയെ രാഹുല്‍ ഗാന്ധി നിരന്തരം കടന്നാക്രമിക്കുന്നതിനിടെയാണ് ആസാദിന്റെ പരാമര്‍ശമെന്നതു ശ്രദ്ധേയം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ മുന്‍പ് സോണിയ ഗാന്ധിക്കു കത്തയച്ച 23 നേതാക്കളെ നയിച്ചത് ആസാദ് ആയിരുന്നു.

നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം വീണ്ടും രംഗത്തുവരികയും പിന്നാലെ മോദിയെ പുകഴ്ത്തുകയും ചെയ്തതിലൂടെ, രാഹുലിനോടുള്ള എതിര്‍പ്പ് കൂടിയാണ് ആസാദ് വ്യക്തമാക്കുന്നത്. മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, ആനന്ദ് ശര്‍മ, ഭൂപീന്ദര്‍ സിങ് ഹൂഡ, രാജ് ബബ്ബര്‍ തുടങ്ങിയവരും ആസാദിന്റെ നേതൃത്വത്തിലുള്ള സംഘത്തിലുണ്ട്. ജമ്മുവിലേതിനു സമാനമായ സമ്മേളനം വരും ദിവസങ്ങളില്‍ ഹിമാചലിലും സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണു സംഘം.

കേരളത്തിലടക്കം ഏറെ നിര്‍ണായകമായ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, പ്രചാരണത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നതിനു പകരം സമ്മേളനങ്ങള്‍ നടത്തി നേതൃത്വത്തെ പരസ്യമായി അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നു രാഹുലിനെ പിന്തുണയ്ക്കുന്ന ഔദ്യോഗിക പക്ഷം ആരോപിച്ചു. രാഹുലിനെ വീണ്ടും പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗം ശ്രമിക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനു പൂര്‍ണ പിന്തുണയില്ലെന്നതിന്റെ സൂചനയാണ് ആസാദിന്റെ സംഘത്തിന്റെയും നിലപാട്.