ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം. കോവിന്‍ 2.0 ആപ്പ് വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രാവിലെ ഒന്‍പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്‍മാര്‍ക്കും 45-നും 59-നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വാക്സിനേഷനായുള്ള കേന്ദ്രവും തിരഞ്ഞെടുക്കാം.

ജനുവരി 16 മുതല്‍ ആരംഭിച്ച കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്.

2022 ജനുവരി ഒന്നിന് മുമ്പോ അതിനുശേഷമോ 60 വയസ്സ് തികയുന്നവര്‍ക്ക് വാക്സിനേഷന് അര്‍ഹതയുണ്ട്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ ഷോട്ട് ലഭിക്കുന്നതിന് പ്രായം തെളിയിക്കേണ്ടത് ആവശ്യമാണ്. അവര്‍ക്ക് പ്രായം തെളിയിക്കുന്ന രേഖ അപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാനും അല്ലെങ്കില്‍ പ്രായം തെളിയിക്കുന്ന രേഖയുമായി ഒരു കേന്ദ്രത്തിലേക്ക് നേരിട്ട് പോകാനും കഴിയും.

അവര്‍ ഒരു ആശുപത്രിയും ടൈം സ്ലോട്ടും തിരഞ്ഞെടുക്കുമ്പോള്‍, ആശുപത്രിയില്‍ ഏത് വാക്സിനാണോ (കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്സിന്‍) ഉള്ളതെന്ന് അറിയിക്കില്ല. ആ വിവരം കേന്ദ്രത്തില്‍ മാത്രം അറിയിക്കും. ഒരു വ്യക്തി രജിസ്റ്റര്‍ ചെയ്യുകയും ടൈം സ്ലോട്ട് തിരഞ്ഞെടുക്കുകയും ചെയ്താല്‍ അവര്‍ക്ക് കേന്ദ്രം മാറ്റാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

പ്രമേഹമോ രക്താതിമര്‍ദ്ദമോ മാത്രമുള്ള ആളുകള്‍ക്ക് വാക്സിനേഷന് അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 45-59 വയസ് പ്രായമുള്ള ഒരാള്‍ക്ക് കുറഞ്ഞത് കഴിഞ്ഞ 10 വര്‍ഷമായി പ്രമേഹം ഉണ്ടായിരിക്കണം അല്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, വൃക്ക പ്രശ്നം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മരുന്നുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന രക്താതിമര്‍ദ്ദം എന്നിവയേതെങ്കിലുമുണ്ടാവണം.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.