തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് ഫ്‌ളക്‌സ് ബോര്‍ഡ് നീക്കുന്നതിനെ ചൊല്ലി തിരുവനന്തപുരത്ത് തര്‍ക്കം. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഏകപക്ഷീയമായി നീക്കം ചെയ്യുന്നു എന്നാരോപിച്ചു ബിജെപി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചു. സബ് കളക്ടറും ഡിസിപിയും സ്ഥലത്തെത്തിയാണ് പൊലീസ് സംരക്ഷണത്തില്‍ വാഹനവും ഉദ്യോഗസ്ഥരെയും മാറ്റിയത്. കെ സുരേന്ദ്രന്റെ വിജയ യാത്രയുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ മാത്രം ഏകപക്ഷീയമായി നീക്കം ചെയ്യുന്നുവെന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്.
യൂണിവേഴ്‌സിറ്റി കോളജിന് മുന്‍പില്‍ വെച്ചായിരുന്നു സംഭവം. ബിജെപിയുടെ ഫ്‌ളക്‌സുകള്‍ ഉദ്യോഗസ്ഥര്‍ ചവിട്ടി പൊട്ടിച്ചെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ സബ് കളക്ടര്‍ മാധവിക്കുട്ടി നിലപാട് കടുപ്പിച്ചതോടെ തര്‍ക്കം രൂക്ഷമായി.
നിഷ്പക്ഷമായാണ് നടപടിയെന്നും എല്ലാ പാര്‍ട്ടികളുടെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മാറ്റുന്നുണ്ടെന്നും സബ് കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ഡിസിപിയടക്കമുള്ള പൊലീസിന്റെ സഹായത്തോടെ കോര്‍പറേഷന്റെ വാഹനം അര്‍ധരാത്രിയോടെ മാറ്റി. ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടരുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. സെക്രട്ടറിയറ്റിന് മുന്നിലെ സമരപ്പന്തലുകളിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.