മുംബൈ: മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചു. 23 കാരിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് സഞ്ജയ് റാത്തോഡ് രാജിവെച്ചത്. സംഭവത്തിൽ സഞ്ജയ് റാത്തോഡിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് രാജി.

ഫെബ്രുവരി എട്ടിന് മരിച്ച പൂജ ചവാൻ എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സഞ്ജയ് റാത്തോഡിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത്. പൂജയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

അതേസമയം പൂജയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെല്ലാം സഞ്ജയ് നിരസിച്ചു. രാഷ്ട്രീയപരമായആരോപണം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജയ് റാത്തോഡിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും മഹിളാ മോർച്ചയും നേരത്തെ രംഗത്തെത്തിയിരുന്നു.