തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് വ്യക്തമാക്കേണ്ട കാര്യമില്ലെന്ന സിപിഎമ്മിന്റെ മറുപടി ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അതീവ ഗൗരവമേറിയ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് കേസിലാണ് ബിനീഷ് അറസ്റ്റിലായത്. സ്വർണ്ണക്കടത്ത് സംഘവും മയക്കുമരുന്ന് കടത്ത് സംഘവും പരസ്പരം ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ആ കള്ളക്കടത്ത് സംഘത്തിന് പണമെത്തിച്ചു നൽകിയെന്ന ആരോപണമാണ് ബിനീഷിന് എതിരെയുള്ളത്. രാഷ്ട്രീയമായും ധാർമ്മികമായും സിപിഎം നേതൃത്വം മറുപടി പറയേണ്ട കേസാണിതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

എകെജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടിരിക്കുകയാണ്. തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് വിശദീകരിക്കാൻ തയ്യാറാവണം. രാഷ്ട്രീയ ധാർമികത സിപിഎമ്മിന് നഷ്ടമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസും എകെജി സെന്ററും സ്വർണക്കടത്തിലും മയക്കുമരുന്ന് കേസിലും ഒരേ സമയം കുട പിടിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടന്നിട്ടില്ലാത്ത കുറ്റകൃത്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടി ഓഫീസും അകപ്പെട്ടിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

ബിനീഷിന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന ആരോപണവും കെ.സുരേന്ദ്രൻ നിഷേധിച്ചു. സ്വർണക്കടത്ത് പിടിച്ചതിന് ശേഷവും മയക്കുമരുന്ന് സംഘത്തെ പിടികൂടിയ ശേഷവുമാണ് ഈ സംഭവങ്ങളുടെ സത്യാവസ്ഥ തെളിഞ്ഞു വന്നത്. 2014 മുതൽ നരേന്ദ്രമാേദി സർക്കാർ ഇന്ത്യയിൽ അധികാരത്തിലുണ്ട്. രാഷ്ട്രീയ ഗൂഢാലോചന നടത്താനാണേൽ നേരത്തെ ചെയ്യാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിനീഷ് കോടിയേരിക്കെതിരെ ഗൗരവകരമായ ഒട്ടേറെ ആരോപണങ്ങൾ കഴിഞ്ഞ 10 വർഷമായി ഉയർന്നു വന്നിരുന്നു. എന്നാൽ കോൺഗ്രസ് സർക്കാരുകൾ പലപ്പോഴും ഈ കേസുകൾ അട്ടിമറിക്കുന്ന സമീപനമാണ് നടത്തിയിരുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.