റോം: ഇറ്റലിയിലെ പോംപെയിൽ ഖനനം ചെയ്യുന്നതിടെ കുതിര രഥം കണ്ടെത്തി ഗവേഷകർ. എഡി 79ൽ അഗ്നിപർവ്വത സ്‌ഫോടനത്തിൽ മണ്ണിനടിയിലായ രഥമാണ് ഗവേഷകർ കണ്ടെത്തിയത്. അനധികൃത ഖനനം നടത്തുന്നു എന്ന പരാതികൾക്കിടെയാണ് ഗവേഷകർ ഇവിടം കുഴിച്ചത്. അത്ഭുതപ്പെടുത്തുന്ന കണ്ടെത്തൽ എന്നാണ് ഗവേഷകർ കണ്ടെത്തലിനെ വിശേഷിപ്പിച്ചത്.

പൂർണമായും സുരക്ഷിതമായ നിലയിലാണ് രഥം കണ്ടെടുത്തത്. ഇത്തരത്തിലൊരു പുരാവസ്തു ഇറ്റലിയിൽ ഒരുകാലത്തും കണ്ടെത്തിയിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. നാല് ചക്രമുള്ള രഥമാണ് കണ്ടെത്തിയത്. ഇതിൽ മൂന്ന് കുതിരകളെ പൂട്ടിയിരുന്നു എന്ന് കരുതപ്പെടുന്നു. ഇരുമ്പ് കൊണ്ടാണ് നിർമ്മാണം. വെങ്കലം ഉപയോഗിച്ചാണ് അലങ്കാരപ്പണികൾ. ഇവിടെ മുൻപ് നടത്തിയ ഖനനത്തിൽ കുതിരയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. മാസങ്ങളായി തുടരുന്ന ഖനനമാണിത്.

ലാവയുടെയും ചാരത്തിന്റേയും കെട്ടിട അവശിഷ്ടങ്ങളുടെയും മറയിൽ രഥം കാലങ്ങളോളം കേടുപാടുകൾ സംഭവിക്കാതെ അതിജീവിച്ചത് അത്ഭുതമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. രഥം കണ്ടെത്തിയത് പോംപെയ്ക്ക് പുറത്തെ അതി സമ്പന്നമായ ഒരു മാളിക നിലനിന്നിരുന്ന പ്രദേശത്താണ്. മെഡിറ്ററേനിയൻ കടലിന് അഭിമുഖമായി പണിത മാളികയായിരുന്നു ഇത്.

ഇതേ പ്രദേശത്ത് നിന്ന് രണ്ട് അസ്ഥികൂടങ്ങളും ഗവേഷകർ കണ്ടെത്തിയിരുന്നു. ധനികനായ യജമാനനും അവരുടെ അടിമയും രഥവുമൊക്കെയാവാം ഇതെന്ന് ഗവേഷകർ സംശയം പ്രകടിപ്പിച്ചു. അഗ്നിപർവ്വത സ്‌ഫോടനത്തിനിടെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാവാം ഇവർ മരണപ്പെട്ടത്.