ഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച്ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ കുത്തിവെപ്പ് നിരക്കില്‍ ധാരണയായി. ഒരു ഡോസിന് 250 രൂപയെന്നാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

രാജ്യത്തുടനീളം വാക്‌സിനേഷന് ഇതേ നിരക്കാകും ഈടാക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി വാക്‌സിന്‍ നിര്‍മ്മാതാക്കളുമായും ആശുപത്രി അധികൃതരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വാക്‌സിന്‍ നിരക്ക് തീരുമാനിച്ചിരിക്കുന്നത്.

വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് കോവിന്‍ 2.0 പോര്‍ട്ടല്‍ വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. പതിനായിരത്തിലധികം സ്വകാര്യ വാക്‌സിനേഷന്‍ കേ ന്ദ്രങ്ങള്‍ സജ്ജമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള ജീവിതശൈലി രോഗബാധിതരായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അറിയിച്ചിരുന്നു. വാക്‌സിനേഷനായി പതിനായിരം സര്‍ക്കാര്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ വാക്‌സിനേഷന്‍ സൗജന്യമായിരിക്കും.

കേരളത്തില്‍ വാക്‌സിനേഷന്‍ സൗജന്യമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചരുന്നു. എന്നാല്‍ രണ്ടാം ഘട്ട വാക്‌സിനേഷന് സ്വകാര്യ ആശുപത്രികള്‍ പണം ഈടാക്കുമെന്ന് അറിയിച്ചതിന് ശേഷം അത് സംബന്ധിച്ചുള്ള പ്രതികരണങ്ങള്‍ ഒന്നും ആരോഗ്യ വകുപ്പ് നടത്തിയിട്ടില്ല.