ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിനയ് കുമാർ വിരമിച്ചു. അന്താരാഷ്ട്ര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി വിനയ് കുമാർ അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ തീരുമാനം അറിയിച്ചത്.

31 ഏകദിന മത്സരങ്ങളിലും 9 ട്വന്റി20 മത്സരങ്ങളിലും ഒരു ടെസ്റ്റിലും വിനയ് കുമാർ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 38 വിക്കറ്റുകളും ട്വന്റി20യിൽ 10 വിക്കറ്റുകളും വിനയ് കുമാർ സ്വന്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 30 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയതാണ് വിനയ് കുമാറിന്റെ കരിയറിലെ മികച്ച പ്രകടനം. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 500ലധികം വിക്കറ്റുകളും വിനയ് വീഴ്ത്തിയിട്ടുണ്ട്.

തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ സഹായിച്ച ബിസിസിഐക്കും കർണാടക ക്രിക്കറ്റ് അസോസിയേഷനും നാല് ഐപിഎൽ ഫ്രാഞ്ചൈസികൾക്കും വിനയ് കുമാർ നന്ദി പറഞ്ഞു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നീ ടീമുകൾക്ക് വേണ്ടി വിനയ് കളത്തിലിറങ്ങിയിട്ടുണ്ട്. 105 മത്സരങ്ങളിൽ നിന്നും 105 വിക്കറ്റുകളാണ് ഐപിഎല്ലിലെ അദ്ദേഹത്തിന്റെ സമ്പാദ്യം.