ലഗോസ്: നൈജീരിയയിൽ ഭീകരർ വീണ്ടും വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയി. വടക്കൻ നൈജീരിയയിലെ ബോർഡിംഗ് സ്‌കൂളിൽ നിന്നും 317 വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ജൻഗേബേ ഗവൺമെന്റ് ഗേൾസ് ജൂനിയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടു പോയത്. സംഫാറാ സ്റ്റേറ്റ് പോലീസ് വക്താവ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 10 നും 13 നും ഇടയ്ക്ക് പ്രായമായ വിദ്യാർത്ഥിനികളെയാണ് കാണാതായിരിക്കുന്നത്. സംഭവത്തിൽ പോലീസും , മിലിറ്ററി വിഭാഗവും അന്വേഷണം ആരംഭിച്ചു.
സൈനികർക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണ് ജൻഗേബ. കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നതിന് മുൻപായി സൈനികരുടെ ശ്രദ്ധ തിരിയ്ക്കാനായി പ്രദേശത്തെ സൈനിക ക്യാമ്പ് ആക്രമിച്ചിരുന്നു. ബോക്കോഹറാം ഭീകരരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
സൈനിക സ്വാധീനം ശക്തമായിരുന്നിട്ടും ഇവിടെ നിന്നും ഇത്രയും അധികം വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയത് ദൗർഭാഗ്യകരമാണെന്ന് സംഫാറാ സ്റ്റേറ്റ് പോലീസ് വക്താവ് പ്രതികരിച്ചു.