ചമോലി: ഉത്തരാഖണ്ഡ് പ്രളയദുരന്തത്തിലെ മരണസംഖ്യ 72 ആയി ഉയർന്നു. രണ്ടു മൃതശരീരങ്ങളും 30 ശരീരാവശിഷ്ടങ്ങളുമാണ് ഇതുവരെ പ്രദേശത്ത് നിന്ന് കണ്ടെത്തിയതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതിനിടെ തപോവൻ ജലവൈദ്യുത പദ്ധതിക്കായുള്ള തുരങ്കത്തിലെ കെട്ടികിടക്കുന്ന ജലം പുറത്തേക്ക് വലിയ പമ്പുകളുപയോഗിച്ച് നീക്കം ചെയ്യുന്ന ജോലി രാത്രിയും പകലുമായി തുടരുകയാണ്.

‘ഇതുവരെ 72 മൃതശരീരങ്ങളും 30 മനുഷ്യശരീരാവശിഷ്ടങ്ങളും കണ്ടെത്തി. തപോവൻ തുരങ്കം, ജോഷിമഠ്, ഋഷിഗംഗാ എന്നീ മേഖലകളിൽ നിന്നാണ് ഇത്രയും പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ടെത്തിയവയിൽ 40 ശരീരങ്ങളും ഒരു അവശിഷ്ടവുമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.’ ചമോലി ജില്ലാ പോലീസ് അറിയിച്ചു.

ആകെ 205 പേരെയാണ് കാണാതായത്. ജോഷിമഠ് പോലീസ് സ്‌റ്റേഷനിലാണ് ഇത്രയധികം പേരെക്കുറിച്ചുള്ള കാണാതാകൽ പരാതി ലഭിച്ചത്. പരിസരവാസികളടക്കം 110പേരുടെ കുടുംബാംഗങ്ങളിൽ നിന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതുവരെ 58 മൃതശരീരങ്ങളുടേയും28 മനുഷ്യ ശരീരാ വശിഷ്ടങ്ങളുടേയും സാമ്പിളുകൾ ഡെറാഡൂണിലെ ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.