ആരോഗ്യ മന്ത്രിയുടെ പരിപാടിയില്‍ സദസ്യരായി എത്താത്തതിന് നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് പരിശീലന വിലക്ക്. തലശേരി സഹകരണ നഴ്സിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് സി.പി.എം നിയന്ത്രണത്തിലുളള തലശേരി സഹകരണ ആശുപത്രി പരിശീലന വിലക്കേര്‍പ്പെടുത്തിയത്. സി.പി.എം നേതൃത്വം നല്കു‍ന്ന സഹകരണ ആശുപത്രി ഫെഡറേഷന്‍റെ കീഴിലാണ് നഴ്സിങ് കോളേജും പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് തലശേരി അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നടന്നത്.ആരോഗ്യ മന്ത്രിയായിരുന്നു പരിപാടിയുടെ ഉദ്ഘാടക. ചടങ്ങിന് ഒരു മണിക്കൂര്‍ മുന്‍പാണ് സദസ്യരായി വിദ്യാര്‍ഥികളെ അയക്കണമെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഓഫീസില്‍ നിന്നും കോളേജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടത്. ഈ സമയം കോളേജിലെ മുപ്പത് വിദ്യാര്‍ഥികളും മറ്റൊരു ആശുപത്രിയില്‍ പരിശീലനത്തിലായിരുന്നു. ഉദ്ഘാടന സമയമാകുമ്പോഴേക്കും വിദ്യാര്‍ഥികളെ എത്തിക്കുക പ്രായോഗികമല്ലെന്ന് പ്രിന്‍സിപ്പള്‍ മറുപടി നല്‍കി. തൊട്ടടുത്ത ദിവസം പരിശീലനത്തിനായി തലശേരി സഹകരണ ആശുപത്രിയിലെത്തിയ വിദ്യാര്‍ഥികളെ ആശുപത്രി അധികൃതര്‍ മടക്കി അയച്ചെന്നാണ് പരാതി.

സി.പി.എം വടകര ഏരിയ കമ്മറ്റി അംഗം എം.പത്മനാഭന്‍ പ്രസിഡണ്ടായ സഹകരണ ആശുപത്രി ഫെഡറേഷന്‍റെ കീഴിലാണ് നഴ്സിങ് കോളേജ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കോളേജും ആശുപത്രിയും തമ്മിലുളള കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പരിശീലനം നിര്‍ത്തിവച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്തായാലും സി.പി.എം നേതൃത്വം നല്‍കുന്ന രണ്ട് സ്ഥാപനങ്ങള്‍ തമ്മിലുളള തര്‍ക്കം പാര്‍ട്ടി ക്കുളളിലും ചര്‍ച്ചയായിട്ടുണ്ട്.