കണ്ണൂര്‍: വഴിതെറ്റിയെത്തിയ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍. പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂര്‍ കക്കാട് മിഥുന്‍ (30) എന്നിവരെയാണ് തളിപറമ്പ് പൊലീസ് പിടികൂടിയത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്- വടകര സ്വദേശിനിയായ 26 കാരിയാണ് പീഡനത്തിനിരയായത്. 22ന് വൈകീട്ട് യുവതിയെ കാണാതായിരുന്നു. 24വരെ യുവതി എവിടെയായിരുന്നു എന്നതിനെപറ്റി വിവരം കിട്ടിയിട്ടില്ല. 24ന് സന്ധ്യയോടെ കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന ബസില്‍ യുവതി കയറിയിരുന്നു. പറശ്ശിനിക്കടവിലേക്കുള്ള അവസാന ട്രിപ്പായിരുന്നു ഇത്. അവിടെ നിന്നാണ് രൂപേഷ് യുവതിയെ ലോഡ്ജിലെത്തിച്ചത്. മറ്റൊരു കണ്ടക്ടറായ മിഥുനിനെയും വിളിച്ചു.

അതിനിടെ യുവതി ബഹളം വെച്ചതോടെ ലോഡ്ജില്‍ നിന്ന് രാത്രി ഇറങ്ങി യുവതിയെ ടൗണില്‍ കൊണ്ടുവിട്ടു. എന്നാല്‍, അവിടെ നിന്ന് നടന്ന് പെട്രോള്‍ പമ്ബിലെത്തിയ യുവതി ബസില്‍ കയറിയിരുന്നു. ഈ സമയത്ത് യുവതിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു.

പിന്നീട് യുവതിയെ പയ്യോളി പൊലീസ് വീഡിയോ കോള്‍ ചെയ്തപ്പോള്‍ കണ്ട ദൃശ്യത്തില്‍ പറശ്ശിനിക്കടവിലെ പെട്രോള്‍ പമ്പാണെന്ന് പൊലീസിന് മനസ്സിലായി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പയ്യോളിയിലേക്ക് സ്ഥലം മാറി വന്ന കണ്ണൂര്‍ സ്വദേശികളായ സിഐ കെ കൃഷ്ണനും എസ്‌ഐ വിആര്‍ വിനേഷും ഈ വിവരം തളിപ്പറമ്പ് എസ്‌ഐ എകെ സജീഷിനെ അറിയിച്ചു.

രാത്രി തന്നെ തളിപ്പറമ്പ്‌ പൊലീസ് പമ്പിന് സമീപം നിര്‍ത്തിയിട്ട ബസുകളില്‍ കയറി പരിശോധന നടത്തി. അപ്പോഴാണ് ബസില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ പൊലീസ് പ്രതികളെയും പിടികൂടി. വടകര ഡിവൈഎസ്പി മൂസ വള്ളിക്കാടനാണ് കേസ് അന്വേഷിക്കുന്നത്.