കണ്ണൂര്‍ :ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയ്ക്ക് കണ്ണൂര്‍ യാത്രയില്‍ വഴിവിട്ട് സഹായം നല്‍കിയെന്ന ആരോപണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം എആര്‍ ക്യാമ്ബിലെ എഎസ്‌ഐ ജോയിക്കുട്ടി, സിപിഒമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

കണ്ണൂരിലെ മറ്റ്ചില കേസുകള്‍ക്കായി കൊടി സുനിയേയും കൂട്ടരേയും കൊണ്ടുപോകുന്നതിനിടയില്‍ സുരക്ഷാ വാഴ്ച്ചയുണ്ടായതായാണ് കണ്ടെത്തല്‍.

ആലപ്പുഴ, തൃശ്ശൂര്‍ റെയ്ല്‍വേസ്റ്റേഷനുകളില്‍ പ്രതികള്‍ക്ക് മദ്യപിക്കാന്‍ അവസരം ഒരുക്കി, ചില സ്റ്റേഷനുകളില്‍ പ്രതികള്‍ക്ക് എസി വിശ്രമമുറികള്‍ നല്‍കി, പ്രതികളെ സ്വീകരിക്കാന്‍ തിരുവനന്തപുരത്തുനിന്ന് തന്നെ കൂട്ടാളികളും ഒപ്പമെത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സുരക്ഷാവീഴ്ച്ചയുമായി ബന്ധപ്പെട്ട് ഉയരുന്നത്.
പ്രതികളെ വിലങ്ങണിയിപ്പിക്കാതെ സാധാരണ യാത്രക്കാരെ പോലെ ട്രെയ്‌നില്‍ സഞ്ചരിക്കാന്‍ പൊലീസ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം ഉയരുന്നത്.

ചട്ടംലംഘിച്ച്‌ കൊടി സുനിയെ സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയി എന്ന് കണ്ടെത്തിയിരുന്നു. ഒരു ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലാണ് സുനിയെ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.