തിരുവനന്തപുരം : കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ കോറോണയുടെ രണ്ടാം തരംഗം ഉണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ ആശങ്കയേറുകയാണ്. ഇതോടെ നിയന്ത്രം കാര്യക്ഷമമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

കേരളത്തില്‍ കോറോണ ആശങ്കാജനകമായി പടരുന്നതിനിടയിലാണ് രണ്ടാം തരംഗത്തിന് സാധ്യത എന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ് കൂടി എത്തിയത്. ഇത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. രോഗ പ്രതിരോധത്തിലുണ്ടായ വീഴ്ച്ചയാണ് രണ്ടാം തരംഗത്തിന് കാരണമാകുന്നത്. ബാറുകള്‍ ഉള്‍പ്പെടെ തുറന്ന് കൊടുത്തു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതില്‍ പിന്നെ നിയന്ത്രണങ്ങള്‍ പാടെ തെറ്റി. ഇന്ന് കേരളത്തിന്റെ ഏത് ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയാലും ജനത്തിരക്കിന് കുറവൊന്നുമില്ല. 25,000 പോലീസുകാരെ നിരത്തുകളില്‍ വിന്യസിച്ച്‌ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി ഈ അടുത്തിടെ നടത്തിയ പ്രഖ്യാപനവും പാഴ്വാക്കായി.

മാത്രമല്ല രോഗ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയാതെ വരുന്നതും രോഗികളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചു. കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ് വന്നതോടെ ഇനി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് കൂടിയ അവലോകന യോഗത്തിലെ നിര്‍ദ്ദേശം. ജനത്തിരക്ക് ഏറുന്ന പരിപാടികള്‍ ഇനി അനുവദിക്കേണ്ടെന്നാണ് തീരുമാനം. പോലീസ് ഇടപെടല്‍ കാര്യക്ഷമമാക്കണം. ഒപ്പം സെക്‌ട്രല്‍ മജിസ്ട്രേറ്റുമാരുടെ ഇടപെടല്‍ ഊര്‍ജിതപ്പെടുത്താനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. ഇതിന് പുറമേ എതെല്ലാം തലങ്ങില്‍ നിയന്ത്രണം വേണമെന്ന കാര്യം വിവിധ വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക യോഗം കൂടി തീരുമാനിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.