ശ്രീനഗര്‍: സര്‍ക്കാരിതര സ്ഥാപനങ്ങള്‍ (എന്‍.ജി.ഒ) അനധികൃത ധനസമാഹരണം നടത്തിയ കേസില്‍ രാജ്യത്ത് മൂന്നിടത്ത് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) റെയ്ഡ്. ജമ്മു കശ്മീര്‍, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളാണ് റെയ്ഡ് പുരോഗമിക്കുന്നത്. ജമ്മു കശ്മീരിലെ ശ്രീനഗര്‍, ബന്ദിപോറ എന്നിവിടങ്ങളിലെ പത്ത് സ്ഥലങ്ങളിലും ബംഗളൂരുവിലെ ഒരിടത്തും ഡല്‍ഹിയിലുമാണ് റെയ്ഡ് നടക്കുന്നത്.

ചില എന്‍‌.ജി‌.ഒകളും ട്രസ്റ്റുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യയിലും വിദേശത്തും ധനസമാഹരണം നടത്തുകയും ജമ്മു കശ്മീരിലെ വിഘടനവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫണ്ട് ഉപയോഗിക്കുന്നുവെന്നാണ് എന്‍.ഐ.എ വ്യക്തമാക്കിയത്. ഒക്ടോബര്‍ എട്ടിന് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ജമ്മു കശ്മീര്‍ സിവില്‍ സൊസൈറ്റിയുടെ കോ-ഓര്‍ഡിനേറ്റര്‍ ഖുറം പര്‍വേശിന്‍റെയും അദ്ദേഹത്തിന്‍റെ കൂട്ടാളിയായ പര്‍വേശ് അഹ്മദ് ബുഖാരി, പര്‍വേശ് അഹ്മദ് മാട്ട എന്നിവരുടെ വസതിയിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്.

കൂടാതെ, ബംഗളൂരു ആസ്ഥാനമായ അസോസിയേറ്റ് സ്വാതി ശേശാദ്രി, അസോസിയേഷന്‍ ഓഫ് പേരന്‍റ്സ് ഓഫ് ഡിസപ്പിയേര്‍ഡ് പേഴ്സണ്‍സ് (എ.പി.‌ഡി.‌പി‌.കെ) ചെയര്‍പേഴ്‌സണ്‍ പര്‍വീന അഹാംഗര്‍, എന്‍‌.ജി.‌ഒയായ അത്‌റൗട്ട്, ജി.കെ ട്രസ്റ്റ് ഓഫീസുകളിലും പരിശോധന നടക്കുന്നു.