മലപ്പുറം : കേരളത്തിന്റെ കാത്തിരിപ്പിന് വിരാമം. തന്റെ സിനിമയിലെ വാരിയന്‍കുന്നന്‍ ആകുന്നത് ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. മലബാര്‍ ലഹളയെ ആസ്പദമാക്കി അലി സംവിധാനം ചെയ്യുന്ന പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അലി അക്ബര്‍ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെ അലി അക്ബര്‍ തന്നെയാണ് വിവരങ്ങള്‍ പങ്കുവച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത് തമിഴിലെ പ്രമുഖ നടനായ തലൈവാസല്‍ വിജയ് ആണ്.

അലി അക്ബറിന്റെ ഫേസ്ബുക്ക് ലൈവിലൂടെ വിജയ് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഷൂട്ടിംഗ് നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും, എല്ലാവരുടെയും സഹകരണം ഇനിയും ആവശ്യമാണെന്നും അലി അക്ബര്‍ പറഞ്ഞു.
‘ഒരു നടന്‍ എന്ന നിലയില്‍ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്റേതെന്നാണ് തലൈവാസല്‍ വിജയ്യുടെ പ്രതികരണം. ‘മനോഹരമായ ചിത്രമാണിത്. ഞാന്‍ 200-300 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ചില സിനിമകളിലെ കഥാപാത്രങ്ങളോട് നമുക്ക് ആവേശം തോന്നും. വലിയ താല്‍പ്പര്യമായിരിക്കും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍. ഇത് അത്തരത്തിലുള്ള ഒരു സിനിമയാണ്. എന്റെ കരിയറിലെ പ്രധാന സിനിമകളില്‍ ഒന്ന്’.

വയനാട്ടിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. 30 ദിവസം നീളുന്നതാണ് ഷെഡ്യൂള്‍ എന്ന് സംവിധായകന്‍ വ്യക്തമാക്കി.