തിരുവനന്തപുരം: കവിതകള്‍ മന്ത്രങ്ങളായി പെയ്ത പകലില്‍ മലയാളകവിതയ്ക്ക് കാളിദാസസ്പര്‍ശം പകര്‍ന്ന കവി പ്രൊഫ. വിഷ്ണു നാരായണ്‍ നമ്പൂതിരിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട. തിരുവനന്തപുരത്തെ തൈക്കാട്ടെ ശ്രീവല്ലിയില്‍ നിന്നും ഇന്നലെ രാവിലെ ഒമ്പതോടെ ഭാരത്ഭവനില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചു. ശിഷ്യരും ആരാധകരും സുഹൃത്തുക്കളുമൊക്കെയായി നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

ഒരുമണിയോടെ വിലാപയാത്രയായി തൈക്കാട് ശാന്തികവാടത്തിലെത്തിച്ചു. ആചാരവിധിപ്രകാരം രണ്ടരയോടെ സംസ്‌കരിച്ചു. ഉപനയനം കഴിച്ച്‌ മകന്റെ സ്ഥാനത്ത് നിന്ന സതീഷ്, ചെറുമക്കളായ ഗൗതം കൃഷ്ണന്‍, നാരായണ കക്കാട്, കൊച്ചുമകന്‍ ദേവപ്രയാഗ് എന്നിവരാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ഭാരത് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, കവി പി.നാരായണക്കുറുപ്പ്, പ്രൊഫ.വി. മധുസൂദനന്‍നായര്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ഉമ്മന്‍ചാണ്ടി, ശശി തരൂര്‍ എംപി, ആര്‍എസ്‌എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് സി.സി.ശെല്‍വന്‍, ക.ഭ. സുരേന്ദ്രന്‍, വിഭാഗ് സംഘചാലക് എം.എസ്. രമേശന്‍, തപസ്യ സംസ്ഥാന സെക്രട്ടറി ജി.എം. മഹേഷ്, സംഘടനാ സെക്രട്ടറി തിരൂര്‍ രവീന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍, ജന്മഭൂമി സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, വി.കെ. പ്രശാന്ത് എംഎല്‍എ, മുന്‍ ചീഫ് സെകട്ടറി ജിജി തോംസണ്‍, ഐ.ജി. സന്ധ്യ, പ്രൊഫ. അലിയാര്‍, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ തുടങ്ങിയ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ജന്മഭൂമിക്ക് വേണ്ടി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

ഭാരത് ഭവനില്‍ വിഷ്ണു നാരായണ്‍ നമ്പൂതിരിയുടെ കവിതകള്‍ കോര്‍ത്തിണക്കി കവി മധുസൂദനന്‍ നായര്‍, ഡോ. ആനന്ദ് കാവാലം, വിനോദ് വൈശാഖി, ഗിരീഷ് പുലിയൂര്‍, സുമേഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ കാവ്യാഞ്ജലിക്ക് നേതൃത്വം നല്‍കി.