ന്യൂഡൽഹി: പ്രശസ്ത കവി വിഷ്ണു നാരായണ നമ്പൂതിരിയ്ക്ക് അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പലർക്കും പ്രചോദനമാണ് വിഷ്ണു നാരായൺ നമ്പൂതിരിയെന്നും അദ്ദേഹത്തിന്റെ മരണം നികത്താനാകാത്ത ശൂന്യതയാണ് നൽകുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വിഷ്ണു നാരായൺ നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

‘വിഷ്ണു നാരായൺ നമ്പൂതിരി ഒരു അസാധാരണ കവി മാത്രമല്ല. അദ്ധ്യാപകൻ, പുരോഹിതൻ, വേദ പണ്ഡിതൻ കൂടാതെ എല്ലാവർക്കും പ്രചോദനം കൂടിയായിരുന്നു. അദ്ദേഹത്തിന്റെ മരണം നികത്താനാകാത്ത ശൂന്യതയാണ് നൽകുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കും വിദ്യാർത്ഥികൾക്കും ഒപ്പം ദുഖത്തിൽ പങ്കുചേരുന്നു’വെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. സംസ്‌കാരത്തിന്റേയും സാഹിത്യത്തിന്റേയും ലോകത്ത് കവിയുടെ സംഭാവന എപ്പോഴും ഓർമ്മിക്കപ്പെടുമെന്നാണ് പ്രധാനമന്ത്രി കുറിച്ചത്.

തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വച്ച് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കവി വിഷ്ണു നാരായൺ നമ്പൂതിരിയുടെ അന്ത്യം. പൂർണ മറവി രോഗം ബാധിച്ചതിനാൽ ഒരു വർഷമായി വിശ്രമത്തിലായിരുന്നു. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങൾക്ക് അർഹനായ അദ്ദേഹത്തെ 2014ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.