ഡൽഹി : തബ്ലീഗ് ജമാ അത്തിൽ പങ്കെടുത്ത വിദേശ പൗരന്മാർക്ക് ശിക്ഷ വിധിച്ച് ലക്‌നൗ കോടതി. തബ്ലീഗ് ജമാ അത്തിൽ പങ്കെടുത്ത 49 വിദേശ പൗരന്മാരോടാണ് കോടതി 1500 രൂപ വീതം പിഴയടയ്ക്കാൻ ഉത്തരവിട്ടത്. കൊറോണ മഹാമാരിയുടെ ആരംഭഘട്ടത്തിൽ ഡൽഹിയിൽ നടന്ന തബ്ലീഗ് സമ്മേളനം രോഗവ്യാപനത്തിന് കാരണമായതായി ആരോപണം ഉയർന്നിരുന്നു. രോഗവ്യാപനം തടയാനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്ന മാനദണ്ഡങ്ങൾ ഇവർ ലംഘിച്ചതായി കോടതി വിലയിരുത്തി.ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

തായ്‌ലാൻഡ്, കിർഗിസ്ഥാൻ, കസാഖിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നായി ഉത്തർപ്രദേശിൽ എത്തിയ 49 പേർക്കാണ് പിഴയിട്ടത്. ലക്‌നൗ, ബഹ്‌റൈച്ച്, സിതാപൂർ, ബദോഹി എന്നിവിടങ്ങളിൽ ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പകർച്ചവ്യാധി നിയമം അനുസരിച്ചായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

ഡൽഹി നിസാമുദീനിൽ വച്ച് നടന്ന തബ്ലീഗ് ജമാഅത്ത് കൊറോണ ഹോട്ട്‌സ്‌പോട്ട് ആയിരുന്നു. സംഭവത്തിൽ ഡൽഹി പോലീസ് 955 വിദേശികൾക്കെതിരായാണ് കേസ് എടുത്തിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയിരുന്നു. 44 പേരാണ് വിചാരണയ്ക്ക് വിധേയരാകാൻ തീരുമാനിച്ചത്. നേരത്തെ പ്രാഥമിക തെളിവുകളുടെ അഭാവത്തിൽ എട്ട് പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം പലരും മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങിയത് രാജ്യത്ത് രോഗവ്യാപനത്തിന് കാരണമായി. തമിഴ്‌നാട്ടിലാണ് സമ്മേളനത്തിൽ പങ്കെടുത്ത കൂടുതൽ പേരും എത്തിയത്. കേരളത്തിലും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ തിരിച്ചെത്തിയത് രോഗ വ്യാപനത്തിന് കാരണമായിരുന്നു.