ജയ്പൂർ: കേരളത്തിലും മഹാരാഷ്ട്രയിലും നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി രാജസ്ഥാനും. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ ചേർന്ന കൊറോണ വാക്‌സിനേഷൻ അവലോകന യോഗത്തിലാണ് തീരുമാനം.

കൊറോണയ്‌ക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ മാർഗ നിർദ്ദേശങ്ങളും പാലിക്കണം. അയൽ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന കൊറോണ കേസുകളിൽ ഗെഹ്ലോട്ട് ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് കേരളത്തിൽ 53,153 പേരാണ് നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിൽ 60,559 പേരും. അതേസമയം രാജസ്ഥാനിൽ നിലവിൽ 1204 സജീവ കേസുകൾ മാത്രമെയുള്ളൂ.

കേരളത്തിൽ നിന്നുള്ളവർക്ക് ബംഗാൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര, കർണാടക, ഡൽഹി, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിൽ നിന്നുള്ളവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. രാജ്യത്തെ കൊറോണ രോഗബാധിത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് കേരളം.