മലയാള ചലച്ചിത്ര രംഗത്തെ ആദ്യകാലത്തെ വില്ലന്‍ നടന്‍മാരിലൊരാളായിരുന്നു കെപി ഉമ്മര്‍. നാടക നടനായിരുന്ന ഇദ്ദേഹം 1960-70 കളില്‍ സുന്ദരനായ പ്രതിനായകനായും ഹാസ്യ സ്വഭാവമുള്ള തോന്നിവാസി യുവാവായും നിഷ്കളങ്കനായ കുടുംബക്കാരനായും അഭ്രപാളിയില്‍ തിളങ്ങി.

കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറം എന്ന പ്രദേശത്ത് 1929 ഒക്ടോബര്‍ 11-നാണ് കെപി ഉമ്മര്‍ ജനിച്ചത്. കെപിഎസി തുടങ്ങിയ നാടക ട്രൂപ്പുകളില്‍ ഒരു നടനായി അഭിനയജീവിതത്തിലേയ്ക്ക് വന്ന ഇദ്ദേഹം 1965-ല്‍ എംടിയുടെ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. 1965 മുതല്‍ 1995 വരെയുള്ള കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു. ഇദ്ദേഹം കൂടുതല്‍ ചിത്രങ്ങളിലും നസീറിന്റെ എതിരാളിയായിട്ടായിരുന്നു അഭിനയിച്ചിരുന്നത്.
ഭാര്യമാര്‍ സൂക്ഷിക്കുക, മരം, തെറ്റ്, കണ്ണൂര്‍ ഡീലക്സ്, സിഐഡി നസീര്‍, അര്‍ഹത, ആലിബാബയും 41 കള്ളന്‍മാരും, ഓര്‍ക്കാപ്പുറത്ത്, ശാലിനി എന്റെ കൂട്ടുകാരി, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നിവയിലെ അഭിനയം ശ്രദ്ധേയമാണ്. ഇമ്ബിച്ചമീബീ ഉമ്മറായിരുന്നു ഭാര്യ. മൂന്ന് മക്കളുണ്ട്. മകന്‍ റഷീദും ചലച്ചിത്രനടനാണ്. 72ാം വയസ്സില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 2001 ഒക്ടോബര്‍ 29-ന് ചെന്നൈയിലെ വിജയ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചത്.