ന്യൂഡല്‍ഹി : രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ഏറ്റവും കുറവ് സീറ്റുകളാണ് കോണ്‍ഗ്രസിന് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതുച്ചേരിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം പൊതുജനറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലായ്‌പ്പോഴും നുണമാത്രം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഭിന്നിപ്പിച്ചും, നുണ പ്രചരിപ്പിച്ചും ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയം. നുണ പറയുന്നതില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ സ്വന്തമാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പുതുച്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തേയും മോദി പരിഹസിച്ചു. മത്സ്യബന്ധനത്തിനായി ഒരു മന്ത്രാലയം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നു. ഞെട്ടിപ്പോയി. നിലവിലെ സര്‍ക്കാരാണ് 2019 ല്‍ തന്നെ മന്ത്രാലയം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ പരാതി രാജവെച്ച പുതുച്ചേരി മുഖ്യമന്ത്രി എന്‍.നാരായണസ്വാമി രാഹുല്‍ ഗാന്ധിയോട് തെറ്റായി വിവര്‍ത്തനം ചെയ്തതും മോദി ഉയര്‍ത്തിക്കാട്ടി. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ്, രാജ്യം മുഴുവന്‍ ഒരു വീഡിയോ കണ്ടു. നിസ്സഹായയായ ഒരു സ്ത്രീ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പുതുച്ചേരി സര്‍ക്കാരും മുഖ്യമന്ത്രിയും അവഗണിച്ചതായി പരാതിപ്പെടുകയുണ്ടായി … രാജ്യത്തോട് സത്യം പറയുന്നതിനുപകരം, മുന്‍ പുതുച്ചേരി മുഖ്യമന്ത്രി സ്ത്രീയുടെ വാക്കുകളുടെ തെറ്റായ വിവര്‍ത്തനം നല്‍കിയെന്നും മോദി പറഞ്ഞു.