തൃശൂര്‍: ശബരിമലയുടെ മറവില്‍ മുസ്ലീം പ്രീണനത്തിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ശബരിമലയെ മറയാക്കി സിഎഎ സമര കേസുകള്‍ പിന്‍വലിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അയ്യപ്പനെ ശരണം വിളിക്കുന്നതുപോലും പോലീസ് ആക്‌ട് പ്രകാരം ശിക്ഷാര്‍ഹമാക്കി എടുത്ത കേസുകള്‍ പിന്‍വലിക്കാതെ ശബരിമല കേസുകള്‍ പിന്‍വലിക്കുമെന്ന് പറയുന്നത് ശുദ്ധ കളവും അസംബന്ധവുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സമാധാനപരമായി തെരുവില്‍ നാമജപഘോഷ പ്രകടനം നടത്തിയ നൂറുകണക്കിന് സ്തീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയാണ് ശബരിമല വിഷയത്തില്‍ കേസ് കൂടുതലും എടുത്തിരിക്കുന്നത്. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പൊതുസ്വത്ത് നശിപ്പിക്കുന്ന കേസ് ഒഴികെ ബാക്കി എല്ലാ ശബരിമല കേസുകളും പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.