തിരുവനന്തപുരം; വിമാനത്താവളം വഴി സ്വര്‍ണക്കടത്തു നടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമര വേലിയേറ്റം ഉണ്ടായിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രകടനം നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ധര്‍ണ കെപിസിസി വൈസ്.പ്രസിഡന്റ് ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. മുഖ്യമന്ത്രി ഇത്രയും നാള്‍ പറഞ്ഞ വാദങ്ങള്‍ പൊളിഞ്ഞെന്നും ശിവശങ്കറിന്റെ അറസ്റ്റോടെ മുഖ്യമന്ത്രി കുരുക്കിലായെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി ഭാരവാഹികളായ കടകംപളളി ഹരിദാസ്, ജലീല്‍ മുഹമ്മദ്, ആര്‍.ഹരികുമാര്‍, അഭിലാഷ് ആര്‍. നായര്‍, എം. ശ്രീകണ്ഠന്‍ നായര്‍, പാറശാല സുധാകരന്‍, അഡോള്‍ഫ് മൊറായിസ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ലക്ഷ്മി, മണ്ണാമൂല രാജന്‍ എന്നിവര്‍ പ്രസംഗിക്കുകയുണ്ടായി. പട്ടികജാതി മോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ ഉദ്ഘാടനം ചെയ്തു. സ്വര്‍ണക്കടത്തു കേസില്‍ എം.ശിവശങ്കറിനെ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ എടുത്തതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ് അധ്യക്ഷത വഹിച്ചു.. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്ന ജിത്, പ്രശാന്ത് മുട്ടത്തറ, പാറയില്‍ മോഹനന്‍, പുഞ്ചക്കരി രതീഷ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.