മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നു. ഒരു സ്‌കൂളിലെ 229 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാഷിം ജില്ലയിലെ സ്‌കൂള്‍ ഹോസ്റ്റലിലാണ് കോവിഡ് വ്യാപനം ഉണ്ടായിരിക്കുന്നത്. 229 വിദ്യാര്‍ത്ഥികള്‍ക്കും 3 ജീവനക്കാര്‍ക്കുമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സ്‌കൂള്‍ പരിസരം കണ്ടെയ്ന്റമെന്റ് സോണായി പ്രഖ്യാപിച്ചു.

അമരാവതി, ഹിംഗോളി, നാന്ദേഡ്, വാഷിം, ബുള്‍ദാന, അകോല എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ നിന്നായി 327 വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ കഴിയുന്നത്. ഇതില്‍ 229 വിദ്യാര്‍ഥികള്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ രണ്ടു ജില്ലകളാണ് അമരാവതിയും യവത്മാലും. അമരാവതിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്.

ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 8800 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുംബൈ പൊലീസും മഹാരാഷ്ട്ര സര്‍ക്കാരും അറിയിച്ചിട്ടുണ്ട്