ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് ഇരട്ട സെഞ്ചുറി. പോണ്ടിച്ചേരിക്കെതിരായ മത്സരത്തിലാണ് താരം ഇരട്ട സെഞ്ചുറി നേടിയത്. 142 പന്തുകള്‍ നേരിട്ട പൃഥ്വി 27 ഫോറിന്റേയും നാല് സിക്‌സിന്റേയും സഹായത്തോടെ 200 പൂര്‍ത്തിയാക്കി. ഇപ്പോഴും ക്രീസിലുള്ള പൃഥ്വിയുടെ കരുത്തില്‍ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 45 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ച സൂര്യകുമാര്‍ യാദവാണ് (50 പന്തില്‍ 101) പൃഥ്വിക്ക് കൂട്ട്.

ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറിയാണ് പൃഥ്വിയുടേത്. മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. നേരത്തെ ഡല്‍ഹിക്കെതിരേയും സെഞ്ചുറി നേടിയിരുന്നു. അന്ന് 89 പന്തില്‍ പുറത്താവാതെ 105 റണ്‍സാണ് സ്വന്തമാക്കിയത്.

മഹാരാഷ്ട്രയ്‌ക്കെതിരായ മറ്റൊരു മത്സരത്തില്‍ 34 റണ്‍സും താരം നേടി. ഇന്ന് ശ്രേയസ് അയ്യരുടെ അഭാവത്തില്‍ മുംബൈയെ നയിക്കുന്നതും പൃഥ്വിയാണ്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ടീമാണ് മുംബൈ.