കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച്‌ ആറ് മുതല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാന്‍ സാദ്ധ്യത. ഇതിന് മുന്നോടിയായി പാലത്തിന്റെ പരിശോധന ഈ മാസം 27ന് മുതല്‍ മാര്‍ച്ച്‌ നാല് വരെ നടത്തും. പാലത്തിന്റെ ടാറിങ്ങ് പണികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു.

അഞ്ചാം തീയതി വൈകിട്ടോടെ പാലം സര്‍ക്കാരിന് കൈമാറുമെന്നാണ് ഡിഎംആര്‍സി അറിയിച്ചിട്ടുള്ളത്. ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച്‌ അഞ്ചിന് പാലത്തിന്റെ പ്രധാന പണികളെല്ലാം തീരുമെന്നും ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കി. അതിന് ശേഷം എപ്പോള്‍ വേണമെങ്കിലും ഉദ്ഘാടനം നടത്താമെന്നതിനാല്‍ മാര്‍ച്ച്‌ ആറിന് തന്നെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന.

ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് പാലത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ 29നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ക്ക് പുറമെ പാലാരിവട്ടം പാലം കൂടി തുറക്കുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

2016 ഒക്ടോബര്‍ 12നാണ് പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. 2017ല്‍ പാലത്തിന്റെ ഉപരിതലത്തില്‍ കുഴികള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടാറിങ്ങിലും ഡെക്ക് കണ്ടിന്യുറ്റിയിലും പ്രശ്‌നങ്ങള്‍ കണ്ടെത്തി. കോടികള്‍ ചെലവഴിച്ച്‌ രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. കൊട്ടിഘോഷിച്ച്‌ ഗതാഗതത്തിന് തുറന്നുകൊടുത്തു. രണ്ടരവര്‍ഷത്തിനുള്ളില്‍ അടയ്‌ക്കേണ്ടിവന്നതാണ് പാലാരിവട്ടം മേല്‍പ്പാലം. ഏകദേശം 39 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലമാണ് പൊളിച്ചുകളഞ്ഞ് വീണ്ടും പുതുക്കി പണിതത്.