ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി കൊലപ്പെടുത്തി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മരിച്ചത്. കോളജ് വിദ്യാര്‍ഥിക്ക് മറ്റൊരു സഹപാഠിയുമായുള്ള സൗഹൃദമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഗുണ്ടൂര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കൃഷ്ണവേനി സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അനുഷയാണ് കൊല്ലപ്പെട്ടത്. മറ്റൊരു സഹപാഠിയുമായുള്ള സൗഹൃദമാണ് വിഷ്ണുവര്‍ധന്‍ റെഡ്ഡിയുടെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംസാരിക്കാന്‍ എന്ന് പറഞ്ഞ് ഒറ്റപ്പെട്ട സ്ഥലത്ത് വിളിച്ചു കൊണ്ടുപോയാണ് യുവാവ് കോളജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ഇവിടെ വച്ച്‌ ഇരുവരും തമ്മില്‍ വഴക്കിട്ടു. കുപിതനായ യുവാവ് അനുഷയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കനാലില്‍ തള്ളി. പിന്നാലെ യുവാവ് പൊലീസില്‍ കീഴങ്ങുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ഒത്തുകൂടി പ്രതിഷേധിച്ചു.