ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വംശഹത്യക്ക് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 53 കൊലക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 38 എണ്ണത്തില്‍. ഇതില്‍ 17 കേസില്‍ കോടതിയില്‍ വാദം തുടങ്ങി. 44 കേസിലാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. കൊല്ലപ്പെട്ടവരില്‍ 12 പേരുടെ കുടുംബം നാടുവിട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വംശഹത്യ നടന്നത്. 500ഓളം പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റിരുന്നു.

ആകെ 755 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതില്‍ 400 എണ്ണം തീര്‍പ്പാക്കിയെന്നും പൊലീസ് പറയുന്നു. 1753 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 933 പേര്‍ മുസ്ലിംങ്ങളും 820 പേര്‍ ഹിന്ദുക്കളുമാണ്. 53 വധങ്ങള്‍ ഉള്‍പ്പെടെ 62 കേസുകള്‍ ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് അഞ്ച് ലക്ഷവും. 44 കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. എന്നാല്‍, ഈ തുക തകര്‍ന്ന വീടുകള്‍ പുനരുദ്ധരിക്കാന്‍ പോലും തികയുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബങ്ങളുടെ ഏക വരുമാന മാര്‍ഗമായിരുന്നു കൊല്ലപ്പെട്ടവരിലേറെയും. ഇതിന് ശേഷം പല കുടുംബത്തിലും മറ്റൊരു അംഗത്തിന് ജോലി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്രയിച്ചാണ് കഴിയുന്നത്.