കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിര്‍ണ്ണായക വിധി പ്രസ്താവിച്ചിരിക്കുന്നത്. പൊതുതാല്‍പര്യ ഹര്‍ജിയിന്മേലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

നിലവില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകള്‍ പാടില്ലെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. വിശദമായ വാദം കേട്ടശേഷമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിധി തിരിച്ചടിയായേക്കും. എയ്ഡഡ് അധ്യാപകര്‍ക്കുണ്ടായിരുന്ന പരിരക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ജോലി രാജിവയ്ക്കേണ്ടിവരും.