ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2020-ല്‍ നടന്ന യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ സാധിക്കതെ പ്രായപരിധി പിന്നിട്ടവര്‍ക്ക് അധിക അവസരം നല്‍കില്ലെന്ന് സുപ്രീം കോടതി. കഴിഞ്ഞ വര്‍ഷത്തോടെ പരീക്ഷയെഴുതാനുള്ള അവസാന അവസരവും പൂര്‍ത്തിയാക്കിയവര്‍ക്ക് അധിക അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയാണ് ഇക്കാര്യം സുപ്രീം കോടതി അറിയിച്ചത്.

പരീക്ഷയെഴുതാനുള്ള പ്രായപരിധിയും അവസാന അവസരവും പൂര്‍ത്തിയാക്കിയവര്‍ക്ക് അധിക അവസരം നല്‍കാനാവില്ലെന്ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, അജയ് രസ്തോഗി എന്നിവര്‍ അംഗങ്ങളായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കോവിഡ്-19 പ്രതിസന്ധികള്‍ക്കിടെ തങ്ങളുടെ അവസാന അവസരം ഉപയോഗിക്കേണ്ടി വന്നവര്‍ക്കും പ്രായപരിധി കഴിഞ്ഞുപോയവര്‍ക്കും അധിക അവസരം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

ഇത് സംബന്ധിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അവസാന അവസരം പൂര്‍ത്തിയാക്കിയവര്‍ക്ക് അധിക അവസരം നല്‍കാന്‍ തയ്യാറാണെങ്കിലും പ്രായപരിധിയില്‍ ഇളവ് നല്‍കാനാകില്ലെന്ന നിലപാടാണ് കേന്ദ്രം കോടതിയില്‍ സ്വീകരിച്ചത്.