പുതുച്ചേരി: ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ 30 ലക്ഷം രൂപയുടെ കടബാധ്യത വരുത്തിവച്ച യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു.പുതുച്ചേരി സ്വദേശി വിജയകുമാറാണ് ഭാര്യയ്ക്കും മക്കള്‍ക്കും വാട്സാപ്പില്‍ ശബ്ദ സന്ദേശം അയച്ച ശേഷം ആത്മഹത്യ ചെയ്തത്. തനിക്ക് വളരെ അധികം കടമുണ്ട്. ഇത് തിരികെ അടയ്ക്കാന്‍ പണമില്ലെന്നും ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്നും യുവാവ് കുടുംബത്തിനയച്ച സന്ദേശത്തില്‍ പറയുന്നു.

മൊബൈല്‍ സിം കാര്‍ഡുകളുടെ ഹോള്‍സെയിന്‍ കച്ചവടക്കാരനായ വിജയകുമാര്‍ ലോക്ഡൗണ്‍ സമയത്താണു ഓണ്‍ലൈന്‍ ചൂതാട്ടം ആരംഭിച്ചത്. റമ്മി ഉള്‍പ്പെടെയുള്ള കളികളില്‍ നിന്നു ആദ്യം ചെറിയ രീതിയില്‍ പണം ലഭിച്ചു.തുടര്‍ച്ചയായി കളിച്ചതോടെ പിന്നീട് ഇതിന് അടിമയാവുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങി ചൂതാട്ടം തുടങ്ങി. 30 ലക്ഷം രൂപയുടെ കടക്കെണിയിലായപ്പോഴാണ് വിജയകുമാറിന് കളികെെവിട്ട് പോയെന്ന് മനസിലായത്.

ആത്മഹത്യ ചെയുമെന്ന വിജയകുമാറിന്റെ സന്ദേശം ലഭിച്ച ഉടന്‍ കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെയാണു പ്രദേശത്തെ തടാകക്കരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.പൊലീസ് എത്തി മൃതദേഹം വൈദ്യപരിശോധനയ്ക്കായി ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.