തിരുവനന്തപുരം:കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതി ഉദ്യോഗസ്ഥര്‍ക്കൊപ്പം നോടീസ് നല്‍കാനെത്തിയ ഭാര്യയുടെ അച്ഛനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കിളിമാനൂര്‍ സ്വദേശി അബ്ദുല്‍ സലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് കൊട്ടാരക്കര കോടതിയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ മടത്തറ സ്വദേശി യഹ്‌യയെ അബ്ദുല്‍ സലാം വാഹനമിടിച്ച്‌ കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട യഹിയയുടെ മകള്‍ ഭര്‍ത്താവ് അബ്ദുല്‍ സലാമുമായി ഒരു വര്‍ഷമായി കുടുംബ തര്‍ക്കത്തില്‍ കേസ് നിലനില്‍ക്കുകയാണ്. ഇതിനിടെ അബ്ദുല്‍ സലാം സ്വത്തുക്കള്‍ സഹോദരന്‍മാരുടേയും ബന്ധുക്കളുടെയും പേരിലേക്ക് മാറ്റാന്‍ ശ്രമിച്ചു.

ഇത് തടയണമെന്നാവശ്യപ്പെട്ട യഹ്‌യയുടെ മകള്‍ കൊട്ടാരക്കര കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. അബ്ദുല്‍ സലാമിനും സഹോദരന്‍മാര്‍ക്കും നോടീസ് അയക്കാന്‍ കോടതി തീരുമാനിച്ചു.

അബ്ദുള്‍ സലാമിന്‍റെ വീട്ടിലേക്ക് വഴികാണിച്ചകൊടുക്കാനാണ് കോടതി ഉദ്യോഗസ്ഥര്‍ക്കൊപ്പം യഹിയയും മകളുടെ മകനും കിളിമാനൂര്‍ തട്ടത്തുമലയിലെത്തിയത്.

കോടതി ഉദ്യോഗസ്ഥര്‍ നോടീസ് നല്‍കാന്‍ വീട്ടിലേക്ക് കയറിപ്പോള്‍ വഴിയരികില്‍ നിന്ന യഹ്‌യയുടെയും സ്വന്തം മകന്‍റെയും ദേഹത്തേക്ക് ഇയാള്‍ വാഹനമോടിച്ച്‌ കയറ്റുകയായിരുന്നു. യഹ്‌യ രാത്രി തന്നെ മരിച്ചു. തലക്കും കൈക്കും പരിക്കേറ്റ് പത്തുവയസ്സുകാരന്‍ സ്വകാര്യ മെഡികല്‍ കോളജില്‍ ചികിത്സയിലാണ്. രണ്ടുപേരെയും കൊലപ്പെടുത്താന്‍ കരുതികൂട്ടി വാഹനമിടിച്ചു കയറ്റിയതാണെന്ന് കളിമാനൂര്‍ പൊലീസ് പറഞ്ഞു. കൊലകുറ്റത്തിന് പുറമെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആക്രമിച്ചതിനും അബ്ദുല്‍ സലാമിനെതിരെ കേസെടുത്തിട്ടുണ്ട്.