അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇം​ഗ്ലണ്ടിന് നാലാം വിക്കറ്റ് നഷ്ടമായി. സ്കോര്‍ 80-ല്‍ നില്‍ക്കേ 53 റണ്‍സെടുത്ത ഓപ്പണര്‍ സാക്ക് ക്രോളിയുടെ വിക്കറ്റാണ് ഇം​ഗ്ലണ്ടിന് നഷ്ടമായത്. അര്‍ധസെഞ്ചുറിയുമായി മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ അക്ഷര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അക്ഷറിന്റെ മത്സരത്തിലെ രണ്ടാം വിക്കറ്റാണിത്. ഇതോടെ ഇം​ഗ്ലണ്ട് തകര്‍ന്നു.

നേരത്തേ നായകന്‍ ജോ റൂട്ടിന്റെ വിക്കറ്റും ഇം​ഗ്ലണ്ടിന് നഷ്ടമായിരുന്നു. 17 റണ്‍സെടുത്ത താരത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിട്ട ഇം​ഗ്ലണ്ടിനെ റൂട്ടും ഓപ്പണര്‍ സാക്ക് ക്രോളിയും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്കോര്‍ 74- ല്‍ നില്‍ക്കെ റൂട്ടിനെ പുറത്താക്കി അശ്വിന്‍ വീണ്ടും ഇം​ഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിച്ചു. നേരത്തേ ഡോം സിബ്ലിയും ബെയര്‍സ്റ്റോയും പുറത്തായിരുന്നു.

സ്കോര്‍ 27-ല്‍ നില്‍ക്കെ റണ്‍സൊന്നുമെടുക്കാതെ ആണ് ജോണി ബെയര്‍സ്റ്റോ പുറത്തായത്. അക്ഷര്‍ പട്ടേലാണ് താരത്തെ പുറത്താക്കിയത്. തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി അക്ഷര്‍ ഇം​ഗ്ലണ്ടിനെ ഞെട്ടിച്ചു. ബെയര്‍സ്റ്റോയെ അക്ഷര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇതോടെ ഇം​ഗ്ലണ്ട് 27 ന് രണ്ട് എന്ന നിലയിലേക്ക് വീണു.