ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കാണാതായ 136 പേര്‍ മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രണ്ടാഴ്‌ചയോളം തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടാകാത്തതിനെത്തുടര്‍ന്നാണ്‌ സര്‍ക്കാരിന്റെ തീരുമാനം. ഇതുവരെ 70 പേര്‍ പ്രളയത്തില്‍ മരിച്ചതായാണു റിപ്പോര്‍ട്ട്‌. ഈ മാസം ഏഴിനാണ്‌ രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്‌.
നന്ദാദേവി ഗ്ലേസിയറിന്റെ ഒരു ഭാഗം ഇടിഞ്ഞതിനെത്തുടര്‍ന്ന്‌ അളകനന്ദ, ധൗളിഗംഗ നദികളില്‍ വെള്ളപ്പാച്ചിലുണ്ടായി. ഋഷിഗംഗ ജലവൈദ്യുതപദ്ധതി പൂര്‍ണമായി തകര്‍ന്നു. തപോവന്‍-വിഷ്‌ണുഗഡ്‌ വൈദ്യുതപദ്ധതിക്കു സാരമായ നാശമുണ്ടായി. നിരവധി പാലങ്ങളും റോഡുകളും ഒലിച്ചുപോയി. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നായിരുന്നു റിപ്പോര്‍ട്ട്‌.
കര-നാവിക-വ്യോമസേനകള്‍ക്കൊപ്പം ഐ.ടി.ബി.പി, ദേശിയ-സംസ്‌ഥാന ദുരന്തപ്രതികരണസേനകള്‍, അര്‍ധസൈനികര്‍, പോലീസ്‌, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥര്‍, നാട്ടുകാര്‍ എന്നിവര്‍ സംയുക്‌തമായി നടത്തിയ തെരച്ചിലില്‍ 70 മൃതദേഹങ്ങള്‍ കണ്ടെടുത്തു. തപോവന്‍ ടണലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും ഫലംകണ്ടില്ല.