രാജ്യത്ത് ആറുപേര്‍ക്ക് ദക്ഷിണാഫ്രിക്കയിലെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൂടാതെ ഇതുവരെ 187 പേര്‍ക്ക് ബ്രിട്ടനിലെ ജനിതകമാറ്റം സംഭവിച്ച വൈറസും ഒരാള്‍ക്ക് ബ്രസീലിലെ വൈറസും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

എന്‍440കെ, ഇ484കെ വകഭേദങ്ങള്‍ മഹാരാഷ്ട്രയിലും കേരളത്തിലും തെലങ്കാനയിലും കണ്ടെത്തിയതായി നിതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. ജനിതകമാറ്റം സംഭവിച്ച ഈ വൈറസുകളാണോ കോവിഡ് ഉയരാന്‍ കാരണമായതെന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗികള്‍ വര്‍ധിച്ച്‌ മഹാരാഷ്ട്ര മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളിലെ വന്‍വര്‍ധനയാണ്. 24 മണിക്കൂറില്‍ 6,418 കേസും 51 മരണവും റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളിലും പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ചത്തെ കണക്കുമായി താരതമ്യപ്പെടുത്തിയാല്‍ മധ്യപ്രദേശ്–- 43, പഞ്ചാബ്–-31, ഛത്തീസ്ഗഢ്–-13, ഹരിയാന–-11 ശതമാനം വീതവുമാണ് വര്‍ധന. കേസുകളുടെ എണ്ണം കുറവാണെങ്കിലും ജമ്മു കശ്മീരില്‍ 22 ശതമാനം, ചണ്ഡിഗഢ്–-43ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്.
ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടകം എന്നിവിടങ്ങളിലും നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സാഹചര്യം വീണ്ടും വഷളാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് കോവിഡ് കേസ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രികാര്യാലയത്തില്‍ സാഹചര്യം വിശകലനം ചെയ്യാന്‍ യോഗംചേര്‍ന്നു. ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10,584 പുതിയ കേസും 78 മരണവും റിപ്പോര്‍ട്ട് ചെയ്തു. പല സംസ്ഥാനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ്.