തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് സമരം കൂടുതല്‍ ശക്തമാക്കുന്നതിനിടെ വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ കണക്കാക്കി നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് നല്‍കി. സമരം തുടരുന്ന കായികതാരങ്ങളുടെ നിയമനത്തില്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഉദ്യോഗാര്‍ത്ഥികളുന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഉറപ്പ് രേഖാമൂലം നല്‍കാനാണ് ഉദ്യോഗസ്ഥ തലത്തില്‍ തിരക്കിട്ട നടപടികള്‍ നടക്കുന്നത്.വിവിധ വകുപ്പുകളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകള്‍ വകുപ്പു മേധാവികള്‍ ഇതിനോടകം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഡിസംബര്‍ 31നുള്ളില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി കണ്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന ഉറപ്പില്‍ കായികതാരങ്ങള്‍ തത്കാലം കടുത്ത സമരരീതികളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. എന്നാല്‍ സി.പി.ഒ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്.

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ നിരാഹാരസമരം സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുകയാണ്. മനു സോമന്‍, ബിനീഷ് എന്നിവരും മറ്റൊരു ഉദ്യോഗാര്‍ത്ഥിയുടെ ബന്ധുവായ റിജുവുമാണ് നിരാഹാര സമരത്തിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു തിങ്കളാഴ്ച രാത്രി ഏഴ് മണി മുതല്‍ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങിയത്.