കൊച്ചി : സ്വര്‍ണ്ണക്കടത്തു പ്രതികള്‍ക്കു ശിവശങ്കറുടെ സഹായം ലഭിച്ചിരുന്നതായും പകരം, കള്ളപ്പണം വെളുപ്പിക്കാന്‍ പ്രതികള്‍ സഹായിച്ചെന്നും നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യാനെത്തിയത്.

ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തില്‍ മുതല്‍ മുടക്കിയെന്നതിനും ലാഭവിഹിതം ലോക്കറില്‍ സൂക്ഷിച്ചുവെന്നതിനും പ്രതികളുമായുള്ള അടുത്ത ബന്ധം തെളിവാണെന്നു ചോദ്യംചെയ്യലില്‍ തന്നെ ഇ.ഡി. ശിവശങ്കറിനെ അറിയിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു തൊട്ടുപിന്നാലെ ഉച്ചയോടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ തിരുവനന്തപുരത്തെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നും എന്‍ഫോഴ്‌സമെന്റിന്റെ കസ്റ്റഡിയിലെടുത്തു രാത്രി വൈകി അറസ്റ്റും രേഖപ്പെടുത്തി. ഇന്നു രാവില കോടതിയില്‍ ഹാജരാക്കുമെന്നാണു സൂചന.

കെ ഫോണ്‍, ടെക്‌നോപാര്‍ക്ക് ഡൗണ്‍ടൗണ്‍ പദ്ധതി എന്നിവയുടെ കരാര്‍ ഇടപാടിലും ശിവശങ്കര്‍ മുഖ്യകണ്ണിയാണ്. സര്‍ക്കാരിലെ ചില പ്രമുഖരുടെ ഇടപെടലുകളെപ്പറ്റി ചോദിച്ചപ്പോള്‍ ശിവശങ്കര്‍ മൗനം പാലിച്ചതായും ഇ.ഡി. വൃത്തങ്ങള്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യലില്‍ മറുപടി തൃപ്തികരമല്ലെങ്കില്‍ അറസ്റ്റു ചെയ്യാനാണു നേരത്തേ കിട്ടിയ നിര്‍ദ്ദേശം. തെളിവില്ലാതെ അറസ്റ്റ് നടത്തിയാല്‍ ഭാവിയില്‍ കോടതികളില്‍ നിന്നു തിരിച്ചടിയുണ്ടാകിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഉന്നതതല നിര്‍ദ്ദേശവും കിട്ടിയിരുന്നു. ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സ്വപ്നയുടെ സാമ്ബത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട സാഹചര്യം ശിവശങ്കറിനില്ലെന്നു ചൂണ്ടിക്കാട്ടിയാണു മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

ആയൂര്‍കേന്ദ്രത്തില്‍ ചികില്‍സയിലാലിരുന്നു അദ്ദേഹത്തിനു ഒരാഴ്ചത്തെ ചികില്‍സകൂടി വേണമെന്നു ആശുപത്രിയധികൃതര്‍ അറിയിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് കൈമാറുകയായിരുന്നു. എതിര്‍പ്പു പ്രകടിപ്പിക്കാതെ ശിവശങ്കര്‍ ഇ.ഡി. സംഘത്തോടൊപ്പം കൊച്ചിയിലേക്കു പോകാനും തയ്യാറായി. ചേര്‍ത്തലയില്‍ വച്ചു കസ്റ്റംസ് സംഘവും സമന്‍സ് കൈമാറി ശിവശങ്കറിന്റെ കസ്റ്റഡി രേഖപ്പെടുത്തി. ആദ്യം കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണു കരുതിയതെങ്കിലും ഇ.ഡി. ഓഫീസിലേക്കാണു കൊണ്ടുപോയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്വപ്നയുമായി ഔദ്യോഗിക ബന്ധം മാത്രമാണുണ്ടായിരുന്നതെങ്കില്‍ ശിവശങ്കര്‍ അവരുമായി സാമ്ബത്തിക ഇടപാടുകളില്‍ ബന്ധപ്പെട്ടതെന്തിനെന്നു കോടതി ആരാഞ്ഞു. യു.എ.ഇ കോണ്‍സുലേറ്റ് സെക്രട്ടറിയുമായി സംവദിക്കുന്നതിനു സ്വപ്ന മുഖേന ഇടപെട്ടിട്ടുണ്ടെന്നു ശിവശങ്കര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നു കോടതി കണ്ടെത്തി. യാതൊരുവിധ ആവശ്യവുമില്ലാത്ത പ്രവൃത്തിയാണ് ഔദ്യോഗിക പദവിയിലിരിക്കുന്ന ശിവശങ്കര്‍ ചെയ്തത്. വളരെ വ്യാപ്തിയുള്ള കുറ്റകൃത്യത്തിലാണ് ശിവശങ്കര്‍ പങ്കാളിയായതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് അശോക് മേനോന്‍ ജാമ്യാപേക്ഷ തള്ളിയത്.

ഉന്നത പദവിയിലിരിക്കുന്നയാളെന്ന നിലയില്‍ ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ഉത്തരവാദിത്തം ശിവശങ്കറിനുണ്ട്. ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്തു തെളിവുകള്‍ ശേഖരിക്കേണ്ടതാണെന്ന ഇ.ഡി.യുടെ വാദം മുഖവിലയ്‌ക്കെടുക്കണം. കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന വാദം തള്ളിക്കളയാന്‍ കഴിയില്ല. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളും കേസിലെ പ്രതികളുടെയും സാക്ഷികളുടെയും മൊഴികളുണ്ട്. പ്രാഥമികമായി തന്നെ കേസ് നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്.

സ്വപ്നയുടെ സാമ്ബത്തിക ഇടപാടുകള്‍ക്ക് ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ചു. സ്്വപ്നയുടെ വ്യക്തിപരമായ കാര്യങ്ങളിലും ശിവശങ്കര്‍ ഇടപെടുകയും മാര്‍ഗ നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ചു അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചു ശിവശങ്കര്‍ ചോദ്യം ചെയ്യലിനു സഹകരിക്കണം. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതു കേസിനെ ബാധിക്കും. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌റിന്റെയും സ്വപ്നയുടെയും മൊഴികളില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.