ആലപ്പുഴ: മാന്നാര്‍ സ്വദേശിനി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് ഇന്ന് കസ്റ്റംസിന് കൈമാറിയേക്കും. സ്വര്‍ണക്കടത്തിനെക്കുറിച്ചാണ് കസ്റ്റംസ് അന്വേഷിക്കുക.കഴിഞ്ഞ ദിവസം മാന്നാറിലെത്തിയ കസ്റ്റംസ് സംഘം പൊലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

കസ്റ്റംസ് സംഘം ഇന്ന് വീണ്ടും മാന്നാറിലെത്തിയേക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന് സഹായം ചെയ്തുകൊടുത്ത നാട്ടുകാരനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാന്നാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കുരട്ടിക്കാട് വിസ്മയ ഭവനില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. മലപ്പുറം സ്വദേശിയും ദുബായില്‍ സ്വര്‍ണക്കടത്ത് ഇടനിലക്കാരനുമായ ഹനീഫ്, പൊന്നാനി സ്വദേശി രാജേഷ് എന്നിവരെ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ദുബായില്‍ വച്ച്‌ ഹനീഫാണ് തന്നെ പൊതി ഏല്‍പ്പിച്ചതെന്നും, സ്വര്‍ണം ആണെന്ന് അറിഞ്ഞതോടെ മാലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചെന്നുമാണ് ബിന്ദു പൊലീസിനോട് പറഞ്ഞത്