എട്ടു തവണ മത്സരിച്ച എ.കെ ശശീന്ദ്രന്‍ ഇത്തവണ മാറി നില്‍ക്കണമെന്ന ചര്‍ച്ച എന്‍.സി.പിക്കുള്ളില്‍ സജീവം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന നിലപാടുള്ളവരാണ് ഭൂരിഭാഗം നേതാക്കളും. എലത്തൂര്‍ സീറ്റ് ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ സി.പി.എമ്മിലും നടക്കുന്നുണ്ട്.

സി.പി.എമ്മിന്‍റെ യും, സി.പി.ഐയുടേയും മാര്‍ഗം പിന്തുടര്‍ന്ന് കൂടുതല്‍ തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.സി.പി ജില്ലാ കമ്മിറ്റി യോഗത്തിലുയര്‍ന്നിരുന്നു. എ. കെ ശശീന്ദ്രനെ ലക്ഷ്യം വെച്ചായിരുന്നു ചര്‍ച്ചകള്‍. വടകര, കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നാണ് ശശീന്ദ്രന് ഏറ്റവും കൂടുതല്‍ എതിര്‍പ്പ്. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് അടക്കമുള്ളവരുടെ പേരാണ് പകരം ഉയര്‍ത്തുന്നത്.

അതേസമയം സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് എ.കെ ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. എലത്തൂര്‍ സീറ്റ് എന്‍.സി.പിക്കല്ല, എ.കെ ശശീന്ദ്രനാണ് സി.പി.എം നല്കുന്നതെന്ന വാദമാണ് അവരുയര്‍ത്തുന്നത്.