പയ്യന്നൂര്‍: പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കള്‍ മരിച്ചു. കണ്ണൂര്‍ പയ്യന്നൂരില്‍ വെച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച കാഞ്ഞങ്ങാട് സ്വദേശി ശിവപ്രസാദ്, ഏഴിലോട് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ഇരുവരും തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫെബ്രുവരി 19 ന് വൈകീട്ട് നാല് മണിയോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാന്‍റിന് സമീപത്തെ വാടകക്കെട്ടിടത്തിനുള്ളില്‍ ആര്യയും ശിവപ്രസാദും പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആര്യക്ക് 95 ശതമാനവും ശിവപ്രസാദിന് 65 ശതമാനവും പൊള്ളലേറ്റിരുന്നു. ആര്യ ഇന്നലെ രാത്രി ഏഴ് മണിക്കും ശിവ പ്രസാദ് ഇന്ന് രാവിലെയുമാണ് മരിച്ചത്. ആര്യയുടെ വിവാഹ നിശ്ചയം അടുത്തിടെ നടക്കാനിരിക്കെയാണ് ആത്മഹത്യ. പയ്യന്നൂര്‍ കോളേജിലെ മൂന്നാം വര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ത്ഥിയാണ് ആര്യ. പയ്യന്നൂരില്‍ തന്നെ ബാറിലെ ജീവനക്കാരനാണ് ശിവപ്രസാദ്.

ഫെബ്രുവരി 19 ന് കോളേജില്‍ നിന്നും പരീക്ഷ കഴിഞ്ഞ് ആര്യ ശിവപ്രസാദിന്‍റെ കാറില്‍ ലോഡ്ജില്‍ എത്തുകയായിരുന്നു. മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പും ആര്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നാണ് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നത്.