സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ട വിതരണം 2000 കേന്ദ്രങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു. 50 വയസിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ അലട്ടുന്ന 50ല്‍ താഴെ പ്രായമുള്ളവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്.
അതേസമയം, മൂന്നാംഘട്ടത്തില്‍ കൂടുതല്‍ വാക്‌സിനുകള്‍ സംസ്ഥാനത്ത് എത്തിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരമാവധി ആളുകളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിന്റെ ഭാഗമായി വീടുകള്‍ക്ക് സമീപം തന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കും. ഹെല്‍ത്ത് സെന്ററുകള്‍ കൂടാതെ സര്‍ക്കാര്‍ ഓഫീസുകള്‍, ഹാളുകള്‍ തുടങ്ങിയവ വാക്സിന്‍ കേന്ദ്രങ്ങളാക്കി മാറ്റും. 45 ലക്ഷത്തിലധികം മുതിര്‍ന്ന പൗരന്‍മാരും 25 ലക്ഷത്തില്‍പരം മറ്റ് രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം.

വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരുടെ സഹായം തേടും. ജില്ലാ അടിസ്ഥാനത്തിലാവും ക്രമീകരണങ്ങള്‍ ഒരുക്കുക.

നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര പോരാളികള്‍ക്കുമാണ് ആദ്യ ഡോസ് കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.