മുംബൈ: മഹാരാഷ്ട്രയില്‍ 23 വയസുള്ള ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നു. യഥാസമയം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ബാധ ഒഴിപ്പിക്കുന്നതിനുള്ള ചടങ്ങുകള്‍ക്ക് വിധേയമാക്കിയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ലോനാവാലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ദിപാലി ബിഡ്ക്കറാണ് ദാരുണമായി മരിച്ചത്. ഫെബ്രുവരി 10നാണ് ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിന് പകരം ഭര്‍ത്താവ് മഹേഷ് ബിഡ്ക്കറും മാതാപിതാക്കളും വീട്ടില്‍ ചില പൂജകള്‍ നടത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ദിപാലിയുടെ ബന്ധുക്കള്‍ ഗര്‍ഭിണിയെ ഉടന്‍ തന്നെ ആശുപത്രിയിലാക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും മഹേഷ് ബിഡ്ക്കറും മാതാപിതാക്കളും ഇതിനു സമ്മതിച്ചില്ല. ബാധ ഒഴിപ്പിക്കാനുണ്ട് എന്ന് പറഞ്ഞ് പൂജകള്‍ തുടരുകയാണ് ചെയ്തത്. അതിനിടെ ദിപാലിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ദിപാലിയും നവജാത ശിശുവും മരിച്ചു. തുടര്‍ന്ന് ദിപാലിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു ഉണ്ടായത്.