കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് യാക്കോബായ സഭാ നേതൃത്വം. നിലവില്‍ സഭ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ലെന്നും രാഷ്ട്രീയ നിലപാട് എടുക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും സഭാ ആസ്ഥാനത്തു ചേര്‍ന്ന സുന്നഹദോസ് യോഗം വിലയിരുത്തി.

സഭയ്ക്ക് സ്വാധീനമുള്ള നിരവധി നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ട്. എറണാകുളം അതില്‍ പ്രധാനമാണ്. ഒരു മുന്നണിയെയും നിലവില്‍ അകറ്റി നിര്‍ത്തുന്നില്ല. ചര്‍ച്ചയ്ക്കുള്ള വാതില്‍ മുന്നണികള്‍ക്ക് മുന്നില്‍ തുറന്നിടുകയാണ്. സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും നടത്തുന്ന ശ്രമങ്ങളില്‍ ശുഭാപ്തി വിശ്വാസം ഉണ്ടെന്നും സുന്നഹദോസ് യോഗത്തിന് ശേഷം മെത്രാപ്പോലീത്ത ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ് പറഞ്ഞു.

വനിതാ മതിലില്‍ അടക്കം സഹായിച്ച യാക്കോബായ സഭയെ ഇടത് പക്ഷം കയ്യൊഴിഞ്ഞെന്ന നിലപാട് സഭാ വിശ്വാസികള്‍ക്കുണ്ട്. ശബരിമല സുപ്രീം കോടതി വിധിയില്‍ പിഴവുകള്‍ ഉണ്ടെന്നും വിധി ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിത്തേരി ബില്‍ ഔദാര്യമായി കാണുന്നില്ലന്നും സഭാ നേതൃത്വം വ്യക്തമാക്കി.