കണ്ണൂര്‍: എസ്എന്‍സി ലാവ്ലിന് കേസ് അട്ടിമറിച്ചതിനു പിന്നില്‍ കോണ്‍ഗ്രസിന്റെ ഉന്നതനായ നേതാവ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എസ്എന്‍സി ലാവ്ലിന് കേസ് നീതിപൂര്‍വകമായി നടന്നില്ല. എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പിണറായി വിജയനെ സഹായിച്ചു. വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതിന്യായ ചരിത്രത്തിലെ കറുത്ത ഏടെന്നും കെ. സുരേന്ദ്രന് ആരോപിച്ചു. ലാവ്ലിന് കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ സെക്രട്ടറിയായ ടി.കെ.എ. നായരും ആന്റണിയും ലാവ്ലിന് കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തി. ദുരൂഹമായ പല കാര്യങ്ങളും നടന്നിട്ടുണ്ട്. സിബിഐ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയിട്ടില്ല. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അഴിമതിരാജിന് പ്രധാനകാരണം എസ്എന്‍സി ലാവ്ലിന് കേസ് വിചാരണ കൂടാതെ വിട്ടയച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഖജനാവ് കൊള്ളയാണ് എസ്എന്‍സി ലാവ്ലിന് കേസ്. ഇത് നീതിപൂര്‍വകമായി നടന്നിട്ടില്ല. പിണറായി വിജയനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം നടന്നിട്ടുണ്ട്. 374 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടായിട്ടുള്ളത്.
മറ്റു സംസ്ഥാനങ്ങളില്‍ അഴിമതിക്കാരെ ജയിലിലേക്ക് പറഞ്ഞയക്കുന്പോള് സംസ്ഥാനത്ത് അഡ്ജസ്റ്റുമെന്റ് നടത്തുകയാണ്. പ്രമാദമായ പല കേസുകളും വിചാരണചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. യുഡിഎഫും എല്‍ഡിഎഫും പരസ്പരം കേസുകളില്‍ ഒത്തുതീര്‍പ്പ് നടത്തുകയാണ്. സാര്‍വത്രിക അഴിമതി നടന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായി പിണറായി വിജയന് സര്‍ക്കാര്‍ അഴിമതി നടത്താന്‍ മത്സരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിടുന്ന കരാറുകള്‍ക്ക് പാര്‍ട്ടിക്കും നേതാക്കള്‍ക്കും കമ്മീഷന് കിഴിച്ചിട്ടുള്ള തുകയിലാണ് കരാര്‍ ഉറപ്പിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.